Friday, 29 June 2012

രാജാ രവിവർമ്മ










രാജാ രവിവർമ്മ(ചിത്രമെഴുത്തു കോയി തമ്പുരാൻ ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906): രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29ന്‌ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. പൂരൂരുട്ടാതി നാളിൽ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും മാതുലനുമായിരുന്ന രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സിൽ കണ്ടതുപോലെ തന്നെ രവിവർമ്മ പൂർത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുക കൊച്ചുരവിവർമ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാൻ തുടങ്ങി.സ്വാതിതിരുനാളിനെ തുടർന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യംതിരുനാളിന്റെ അടുത്ത്‌ മാതുലൻ രാജരാജവർമ്മയുമൊത്ത്‌ രവിവർമ്മ എത്തി. കേവലം പതിനാല് വയസ്സുമാത്രമുണ്ടായിരുന്ന രവിവർമ്മയുടെ ചിത്രങ്ങൾ കണ്ട്‌ സന്തുഷ്ടനായ ആയില്യം തിരുനാൾ മഹാരാജാവ്‌ തിരുവനന്തപുരത്ത്‌ താമസിക്കാനും, ചിത്രമെഴുത്ത്‌ കൂടുതൽ പരിശീലിക്കാനും, എണ്ണച്ചായ ചിത്രരചന പുതിയതായി പഠിക്കാനും രവിവർമ്മയോടു കൽപ്പിച്ചു. നിർദ്ദേശം ശിരസാവഹിച്ച രവിവർമ്മ തിരുവനന്തപുരത്ത്‌ മൂടത്തുമഠത്തിൽ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത്‌ തഞ്ചാവൂരിൽ നിന്നെത്തിയ ചിത്രകാരന്മാർ വരച്ചചിത്രങ്ങൾ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താൽപ്പര്യത്തിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തിയ അപൂർവ്വ ചിത്രരചനാ പാഠപുസ്തകങ്ങളും രവിവർമ്മക്ക്‌ സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തിൽ രവിവർമ്മക്കായി ചിത്രശാലയും ഒരുങ്ങി. അക്കാലത്ത്‌ തിരുവിതാംകൂറിൽ എണ്ണച്ചായ ചിത്രങ്ങൾ വരക്കുന്ന ഏക ചിത്രകാരൻ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കർ ആയിരുന്നു. അദ്ദേഹത്തിനടുത്ത്‌ ശിഷ്യനാകാൻ താത്പര്യം പ്രകടിപ്പിച്ച രവിവർമ്മക്ക്‌ പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ നായ്ക്കർക്ക്‌ സമ്മതമല്ലായിരുന്നു. രവിവർമ്മയിൽ നായ്ക്കർ ഒരു എതിരാളിയെ ദർശിച്ചതായിരുന്നു കാരണം. ഇതു രവിവർമ്മയിൽ മത്സരബുദ്ധിയും എണ്ണച്ചായ ചിത്രങ്ങൾ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണർത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായ ചിത്രങ്ങൾ നോക്കി സ്വയം പഠിക്കാൻ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകൾ നിർമ്മിക്കാനും അദ്ദേഹം ശീലിച്ചു. മറ്റൊരു ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും രവിവർമ്മക്ക്‌ പ്രോത്സാഹനമേകി. 1866-ൽ മാവേലിക്കര രാജകുടുംബത്തിൽനിന്നും റാണി ലക്ഷ്മിബായ്‌ തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതി തിരുനാൾ തമ്പുരാട്ടിയെ വിവാഹം ചെയ്തു. 1868-ൽ ആയില്യം തിരുന്നാളിനെ മുഖം കാണിക്കാനെത്തിയ തിയോഡർ ജാൻസൻ എന്ന എണ്ണച്ചായ ചിത്രകാരനും തന്റെ ചിത്രങ്ങളുടെ സാങ്കേതികവശം രവിവർമ്മക്കു പറഞ്ഞുകൊടുക്കാൻ വിമുഖത കാണിച്ചു. എന്നാൽ ഏതാനം സമയം ചിത്രങ്ങളിൽ ശ്രദ്ധിച്ചിരുന്ന രവിവർമ്മക്ക്‌ അത്‌ വളരെ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു.രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവൺമന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതോടെ രവിവർമ്മ പ്രശസ്തിയിലേക്ക്‌ ഉയർന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവർമ്മ ഉയരങ്ങൾ കീഴടക്കികൊണ്ടിരുന്നു. 'മൂടത്തു മഠത്തിൽ ചെന്നാൽ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങൾ പറയാൻ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ൽ മഹാരാജാവിൽ നിന്ന് അദ്ദേഹത്തിന്‌ വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ പല യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ 'മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്‌' ഒന്നാം സമ്മാനമായ സുവർണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നും പരക്കാൻ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയിൽ നടന്ന ലോകകലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങൾ രവിവർമ്മയുടെ പ്രതിഭയെ പ്രകീർത്തിച്ച്‌ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 1874-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനർഹമായി, അതോടു കൂടി രവിവർമ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിലേക്ക്‌ രവിവർമ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ്‌ തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തർജ്ജമക്ക്‌ മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന്‌ പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോൾ ആശ്രിതരും വിശിഷ്ടവ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേർ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു.ആധുനിക ഇന്ത്യൻ ചിത്രകലാശൈലി രാജാ രവിവർമ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 കളിൽ കഥകളിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ കലാമണ്ഡലം രാമൻ‌കുട്ടി നായർ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവർമ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളിൽ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണ കാലത്തും രവിവർമ്മയുടെ ചിത്രങ്ങളിലെ മലയാളിപെൺകുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവിൽ പകർത്തിയിട്ടുണ്ട്. ഗുരു സത്യഭാമയെ പോലുള്ളവർ ഭരതനാട്യത്തിലും ഇത്തരമൊരു മാറ്റം തുടങ്ങി വച്ചു.

പ്രധാനചിത്രങ്ങൾ









ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ജീവചരിത്രാംശമുള്ള ഒരു പ്രണയ ചലച്ചിത്രമാണ് മകരമഞ്ഞ്. രാജാ രവിവർമ്മ എന്ന ചിത്രകാരന്റെ ജീവിതത്തിലെ ചില കാലഘട്ടമാണ് ഈ ചിത്രത്തിലുടെ ലെനിൻ രാജേന്ദ്രൻ അവതരിപ്പിക്കുന്നത്. പൂരുരുവർ എന്ന ഇതിഹാസ കഥാപത്രത്തിന്റെ കൂടി ചലച്ചിത്രമാണിത്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും കാർത്തിക നായരുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള 2010 - ലെ കേരളസംസ്ഥാന സർക്കാർ പുരസ്കാരം ഈ ചിത്രം നേടി
ഈ ചിത്രത്തിന്റെയും അതോടൊപ്പം യുഗപുരുഷന്റെയും വസ്ത്രാലങ്കാരം നിർവഹിച്ചതിന് എസ്.ബി. സതീശനും പുരസ്കാരം ലഭിച്ചു
നിരൂപകശ്രദ്ധ നേടിയ ഒരു ചലച്ചിത്രമാണ് മകരമഞ്ഞ്. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച അഞ്ചു മലയാള ചിത്രങ്ങളിൽ ഒന്നാണിത്
കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ഈ ചിത്രം നേടിയിട്ടുണ്ട്
നിരവധി ചലച്ചിത്ര മേളകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2010-ലെ ദേശീയ ചലച്ചിത്ര പുരസ്കാര മത്സരത്തിൽ ഈ ചിത്രം പരിഗണിച്ചിരുന്നു

    No comments:

    Post a Comment